Sunday, July 11, 2010

ഒരു ഹൈടെക് പ്രണയകഥ

തീയതി – 14/02/2010  4:15 pm
വെന്യു – ഗാഡി നമ്പര്‍ സാത് ദോ തീന്‍ ശൂന്യ ഹൈദരാബാദ് സെ തിരുവനന്തപുരം തക് ജാനേ വാലി ശബരി എക്സ്പ്രസ്സ്‌

    ഹൊ... ഇന്നെങ്കിലും നേരത്തിനും കാലത്തിനും സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ എടുക്കാന്‍ കഴിഞ്ഞല്ലോ! എന്നും വണ്ടി സ്റ്റേഷനില്‍ നിന്ന് എടുത്തു ചാടി കയറലാണ് പതിവ്. കഥ തുടങ്ങുന്നതിനു മുന്‍പ് ഒരു ചെറിയ കാര്യം. എന്നും ട്രെയിന്‍ കയറുന്നതിനു മുന്‍പ് മനസ്സില്‍ വിചാരിക്കും.. ദൈവമേ... ഇന്നെങ്കിലും ഒരു നല്ല പെണ്‍കുട്ടി  എന്‍റെ അടുത്തു വന്നിരിക്കണേ!!..അത്ര അടുത്തു ഇരുന്നില്ലെങ്കില്‍ പോലും എതിര്‍ വശത്ത് വന്നു ഇരിക്കാമല്ലോ.. ഇല്ലേ?? പക്ഷെ എന്തോ ഈ കാലം വരെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവര്‍ക്കും ഒരു ദിവസം വരും എന്നല്ലെ പണ്ടുള്ളവര്‍ പറയാറ്??
    ദൂരം കുറവാണെങ്കില്‍ കൂടി കുറച്ചു “Rich” ആയിക്കോട്ടെ എന്ന് കരുതി സ്ലീപ്പര്‍ ടിക്കറ്റ്‌ തന്നെ എടുത്തു. ഈ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒക്കെ യാത്ര ചെയ്യുന്നവരെ സമ്മതിക്കണം!! ടിക്കറ്റ്‌ എടുത്തു പത്തു മിനിട്ട് കഴിഞ്ഞപ്പോ തന്നെ ട്രെയിനും എത്തി. ഉള്ളതില്‍ തിരക്ക് കുറഞ്ഞ S3 കമ്പാര്‍ട്ട്മെന്റില്‍ കയറിപ്പറ്റി. കയറുന്നതിനു തൊട്ടുമുന്‍പ് എല്ലാ സീറ്റിലും ഒന്നു കണ്ണോടിച്ചു. ആശ്ചര്യം എന്ന് പറയട്ടെ.. ഇത്തവണയും പതിവ് തെറ്റിയില്ല. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ “Desp!!!
    വിധിയെ പഴിച്ച് കൊണ്ട് ഞാന്‍ ആദ്യം കണ്ട സീറ്റില്‍ തന്നെ ബാഗ് വെച്ചിട്ട് ചുറ്റും ഒന്നു കണ്ണോടിച്ചു. സൈഡ് ലോവറില്‍ ഒരു “മദ്യ” വയസ്കന്‍ അടിച്ചു ഓഫ്‌ ആയി കിടപ്പുണ്ടായിരുന്നു. പിന്നീട് എന്‍റെ നോട്ടം പോയത് എന്‍റെ എതിര്‍ വശത്തുള്ള അപ്പര്‍ ബെര്‍ത്തിലേക്കാണ്. ദൈവമേ!!!... നീ എന്‍റെ പ്രാര്‍ത്ഥന കേട്ടോ?? ഒരു ബ്രൌണ്‍ ഷാള്‍ ട്രെയിനിന്റെ താളത്തിനും ജനാലയിലൂടെ വരുന്ന കാറ്റിന്‍റെ ഗതിക്കനുസരിച്ചും ആടിയുലയുന്നു. എങ്ങനെയാ ഇവളുടെ മുഖം ഒന്നു കാണുക?? അധികം ആലോചിക്കേണ്ടി വന്നില്ല. മാവേലിക്കര സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് തന്നെ ഒരു കാള്‍ വന്ന് നമ്മുടെ കക്ഷി എഴുന്നേറ്റു. സംഭാഷണം ഒരു പത്ത് മിനിറ്റ് നീണ്ടു നിന്ന് കാണും. എന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു.
ലൈന്‍ ആയിരിക്കുമോ??
ഏയ് അച്ഛന്‍ ആയിരിക്കും... ഉത്തരവും ഞാന്‍ തന്നെ അങ്ങട് കണ്ടുപിടിച്ചു സ്വയം സമാധാനിച്ചു.
ഹല്ല പിന്നെ..
            കാള്‍ കട്ട്‌ ആയി.. താഴെ ഇറങ്ങാന്‍ ഉള്ള പരിപാടിയില്‍ ആണെന്ന് തോന്നുന്നു. എന്തോ തിരയുന്നുണ്ട്. ഫോണിന്റെ ഹെഡ് സെറ്റ്‌ ആണ്. ഹെഡ് സെറ്റ്‌ കിട്ടിയതിനു ശേഷം കണ്ണ് ഉയര്‍ത്തി എന്നെ ഒന്നു നോക്കി. നല്ല വെളുത്ത് സുന്ദരിക്കുട്ടി. എനിക്ക് ഓക്കേ. (അവള്‍ എന്താണാവോ മനസ്സില്‍ പറഞ്ഞത്???...). മുല്ലവള്ളികളെ തഴുകി വരുന്ന ശകുന്തളയെ പോലെ സൈഡിലെ കമ്പികളില്‍ തഴുകി അവള്‍ താഴെ ഇറങ്ങി.
    മുഖം ഒക്കെ കഴുകി ഉറക്കച്ചുവട് മാറിയ ശേഷം അവള്‍ എന്‍റെ എതിര്‍ വശത്ത് വന്ന് ഇരുന്നു. വന്നിരുന്ന പാടെ അവള്‍ ജനല്‍ പാളികള്‍ ഒക്കെ ഉയര്‍ത്തി വെച്ചു. മുഖത്തെ വെള്ളത്തുള്ളികളില്‍ സൂര്യരശ്മികള്‍ പതിച്ചപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായ പോലെ. ബൈ ദി ബൈ ഞാന്‍ കയറിയപ്പോള്‍ മുതല്‍ ജനല്‍ എല്ലാം അടച്ചു മൂടി. എന്തിനാണ് എനായിരിക്കും ല്ലേ??? അവള്‍ നല്ല വെളുത്തിട്ടാണ്. നഷ്ടപ്പെടാന്‍ നമുക്കേ ഉള്ളു...
    എങ്ങനെയാ ഇവളോട് ഒന്നു സംസാരിക്കുക?? ഈയിടെ വായിച്ചു തീര്‍ത്ത “മുകേഷ്‌ കഥകള്‍” മനസ്സില്‍ ഇട്ടു ഒന്നു പരതി നോക്കി. പുള്ളി (മുകേഷ്‌) ഈ വക കാര്യങ്ങളില്‍ ഒരു ഉസ്താദ്‌ ആണല്ലോ.. ഇല്ല രക്ഷയില്ല.... ഒന്നും കത്തുന്നില്ല. ട്രയിനാനെന്കില്‍ ഒടുക്കത്തെ സ്പീഡും. ഇപ്പൊ തിരുവനന്തപുരം എത്തികളയും എന്ന് പേടിപ്പിക്കുന്ന പോലെ.
    ശെര്‍ലോക് ഹോംസ്” കണ്ടതിനു ശേഷം എനിക്കും ഭയങ്കര    സീ.ഐ.ഡി ബുദ്ധി ആണ്. അവളുടെ കൈയ്യില്‍ “NOKIA” എന്ന കുത്തക മുതലാളിമാരുടെ മുന്തിയ ഇനം ഏതോ ഫോണ്‍ ആണ്. എന്‍റെ മനസ്സില്‍ “ലഡ്ഡു പൊട്ടി”. കുറച്ചു തറ വേല ആണ്. എങ്കിലും സാരമില്ല, ഒരു നല്ല കാര്യത്തിനല്ലേ??
    ഈ പെണ്‍കുട്ടികള്‍ക്ക് ഒരു ചീത്ത സ്വഭാവം ഉണ്ട്. എന്തെങ്കിലും ആവശ്യത്തിന് ബ്ലൂടൂത്ത് ഓണ്‍ ചെയ്‌താല്‍ പിന്നെ അത് ഓഫ്‌ ചെയ്യാന്‍ മറക്കും. അവരുടെ ഈ വീക്നെസ്സില്‍ കയറി പിടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ ഞാന്‍ മൊബൈല്‍ എടുത്തു “എങ്ങു നിന്ന് വന്ന പഞ്ചവര്‍ണക്കിളി നീയോ...” എന്ന പാട്ട് തപ്പിയെടുത്ത്...
Send  à  via Bluetooth  à  Searching for Bluetooth devices in range

1 found
Divya

പേര് കിട്ടി “Divya” നല്ല പേര്... ആഹാ...!!!
ഞാന്‍ വെറുതെ ഒരു തമാശയ്ക്ക് Send ഉം ചെയ്തു. ഒട്ടും സമയം കളയാതെ ഞാന്‍ അവളോട്‌ ചോദിച്ചു. Divya എന്നല്ലേ പേര്??
“അല്ലല്ലോ..”
“സോറി..” ആളു മാറിപോയി...
അപ്പൊ ആരുടെ പേരാണ് Divya?? ഞാന്‍ മനസ്സിലോര്‍ത്തു...
ഈ സമയം തൊട്ടു പിന്നിലത്തെ സീറ്റില്‍ നിന്ന് ഒരാള്‍ എന്‍റെ അടുത്ത് വന്ന്..
വിഷ്ണു” എന്നാണോ പേര്??
എനിക്ക് സംഭവം കത്തി. നായിന്റെ മോന്‍ ഫോണിനു അവന്‍റെ ഭാര്യയുടെ പേരും ഇട്ടു വന്നിരിക്കുവാണ്. ഇതോടെ ഒരു കാര്യം എനിക്ക് ഉറപായി. ആണെന് സമ്മതിച്ചാല്‍ ആ പെണ്ണിന്റെ മുന്നില്‍ ഞാന്‍ നാറും. ഞാന്‍ രാഷ്ട്രീയക്കാരെ പോലെ രണ്ടു കണ്ണും അടച്ചു നിഷേധിച്ചു.
“അല്ലല്ലോ..”
അതിനു ശേഷം അവളോട്‌ മിണ്ടാന്‍ ഉള്ള എന്‍റെ ആവേശവും ഉത്സാഹവും ഒക്കെ തണുത്തു. പതുക്കെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു. തിരുവനന്തപുരം എത്തിയപ്പോള്‍ ആണ് പിന്നീട് കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോള്‍ നമ്മുടെ ശകുന്തളയെ കാണാന്‍ ഇല്ല. എനിക്ക് പറ്റിയ അമളി ഓര്‍ത്ത് ഒരു ചിരിയും പാസ്സാക്കി തമ്പാനൂര്‍ ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി ഞാന്‍ നടന്നു നീങ്ങി.
വാല്‍കഷ്ണം: “പെണ്‍കുട്ടികള്‍ മാത്രമല്ല ചില ആണ്‍കുട്ടികളും Bluetooth  ഓഫ്‌ ചെയ്യാന്‍ മറക്കാറുണ്ട്‌.”